Movies
താരസംഘടനയായ അമ്മയിലെ അധികാരത്തര്ക്കങ്ങള്ക്കിടെ ശ്വേതാ മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില് പതിവില്ലെന്നും അംഗങ്ങള് വിമര്ശിച്ചു.
അമ്മയുടെ നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില് വഴിയാണ് അംഗങ്ങള്ക്ക് നല്കേണ്ടത്. എന്നാല് പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ് നമ്പറില് നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില് സേവ് ചെയ്തിട്ടുള്ള അംഗങ്ങള്ക്ക് മാത്രമാണ് നിലവില് ഈ സന്ദേശം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് അനുഭവക്കുറവുമൂലം പിഴവുകള് ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്കിയത്. എന്നാല് സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല് മാധ്യമങ്ങള് വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില് തീരുമാനമെടുക്കേണ്ടത് ജനറല് ബോഡി യോഗമാണ്. അത് ലംഘിച്ചുകൊണ്ടുള്ള പ്രവര്ത്തനങ്ങളാണ് ഇപ്പോള് നടക്കുന്നത് എന്നാണ് വിമര്ശനം.
ജനറല് ബോഡി യോഗത്തില് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില് ഭരണസമിതി യോഗം ചേര്ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Kerala
തിരുവനന്തപുരം: അനധികൃതമായി സംസ്ഥാനത്ത് എത്തുന്ന മരുന്നുകൾക്ക് പൂട്ടിടാൻ സർക്കാർ. ചരക്ക് സേവന നികുതിയുടെ മറവിൽ സംസ്ഥാനത്തേക്ക് നികുതി അടയ്ക്കാതെ യാതൊരു പരിശോധനയും കൂടാതെ മരുന്നുകൾ എത്തുന്നുണ്ടെന്നു സംസ്ഥാന ഡ്രഗ്സ് കണ്ട്രോളർ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അന്തർസംസ്ഥാന മരുന്ന് വിതരണങ്ങൾക്കു താത്കാലിക നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്, പോലീസ്, എക്സൈസ്, തൂഫാൻ വാരിയേഴ്സ് തുടങ്ങിയവരുടെ സംയുക്തനീക്കമാണ് സർക്കാർ നടത്താൻ ഒരുങ്ങുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകളും ഇതിലൂടെ ലഹരിക്കടത്തും സംശയിക്കുന്നു. പല മെഡിക്കൽ സ്റ്റോറുകളിൽ പല വിലയാണ് മരുന്നുകൾക്ക് ഈടാക്കുന്നത്. ചില മെഡിക്കൽ സ്റ്റോറുകളിൽ അൻപത് ശതമാനം വരെ കിഴിവും നൽകുന്നു. ഇത് അനധികൃതമായി സംസ്ഥാനത്ത് എത്തിയ മരുന്നുകൾ ആണെന്നാണ് ഡ്രഗ്സ് കണ്ട്രോളർ വകുപ്പിന്റെ കണ്ടെത്തൽ. എല്ലാ മരുന്നുകളും നിർമാതാക്കളിൽ നിന്ന് നേരിട്ട് അംഗീകൃത പ്രാദേശിക സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നത് നിർബന്ധമാക്കാനാണ് തീരുമാനം.
അതേസമയം, നിരോധനം ശാശ്വതമായിരിക്കില്ലെങ്കിലും മരുന്നുകളുടെ വരവും വിൽപനയും കർശന നിരീക്ഷണത്തിലാകുന്പോൾ വ്യാജ മരുന്നുകളുടെ വരവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് സർക്കാർ വിലയിരുത്തുന്നു.
ജിഎസ്ടിക്ക് പിന്നാലെ
ജിഎസ്ടി നടപ്പിലാക്കിയതിനു പിന്നാലെയാണ് കാലാവധി കഴിഞ്ഞതുവരെയുള്ള മരുന്നുകൾ അനധികൃതമായ സംസ്ഥാനത്തേക്ക് ഒഴുകി തുടങ്ങിയത്. ഇൻസുലിൻ പോലുള്ള മരുന്നുകൾ ശതമാനം കിഴിവിൽ ഫാർമസികളിൽ നൽകുന്നു. പാരസെറ്റമോൾ തുടങ്ങിയ മരുന്നുകളും വൻ വിലക്കുറവിലാണ് വിൽക്കുന്നത്. ഇത് കാലവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉത്പാദനത്തിലുണ്ടായ പിഴവ് മൂലം നശിപ്പിക്കാൻ മാറ്റിയ മരുന്നുകളും ആകാമെന്നാണ് ഡ്രഗസ് കണ്ട്രോൾ വിഭാഗം പറയുന്നത്. ആഗ്ര, മഥുര(യുപി), ഹൈദരാബാദ്, മധുര( തമിഴ്നാട്) എന്നിവിടങ്ങളിലെ ബൾക്ക് ഡീലർമാർ വഴിയാണ് കേരളത്തിലേക്ക് അനധികൃത മരുന്നെത്തുന്നതെന്നാണ് കണ്ടെത്തൽ.
ഓണ്ലൈനിൽ
രാജ്യത്ത് മരുന്നുത്പാദനവും വിപണനവും നിയന്ത്രിക്കുന്നതു കേന്ദ്രനിയമമായ ഡ്രഗ്സ് ആൻഡ് കോസ് മെറ്റിക്സ് ആക്ട് 1940 ഉം അതിന്റെ കീഴിലുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് 1945 പ്രകാരവുമാണ്. പ്രസ്തുതനിയമങ്ങൾ പ്രകാരം മരുന്നുകളുടെ ഓണ്ലൈൻ വില്പന രാജ്യത്ത് അനുവദിച്ചിട്ടില്ല. എന്നാൽ രാജ്യത്ത് വ്യാപകമായി ഓണ്ലൈൻ വ്യാപരം നടക്കുന്നുണ്ടെന്നു നിയമസഭയിൽ ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊറിയർ വഴി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓണ്ലൈനായി വിൽപന നടത്തുന്ന സംഘവും കേരളത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ആയിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നെല്ലിമൂട് ചുണ്ടവിളാകം സ്വദേശി പ്രസാദ്(42) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.
തിരുവനന്തപുരം ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീടിനോട് ചേർന്ന മുറിയിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി ശേഖരിച്ചിരുന്നതാണെന്ന് എക്സൈസ് അറിയിച്ചു.
സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ഉത്പന്ന ങ്ങളുടെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില് പെന്ഷന് വിതരണം നടത്തിയത് ചട്ടവിരുദ്ധമാണെന്നും ഇത്തരം നിലപാടുകള് അനുവദിക്കില്ലെന്നും മന്ത്രി കെ.എം. ഷാജി. മലപ്പുറം പുല്പ്പറ്റയില് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ക്ഷേമപെന്ഷന് ഗുണഭോക്താക്കളെ വിളിച്ചുവരുത്തി ക്ഷേമപെന്ഷന് വിതരണം ചെയ്തെന്ന് കാണിച്ച കെ.പ്രേംകുമാര് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പഞ്ചായത്തിലെ പെന്ഷന് വിതരണം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില് നടത്തിയതായി ഇതുവരെ പരാതികള് ഒന്നും ലഭിച്ചിച്ചിട്ടില്ല. പെന്ഷന് വിതരണം ചെയ്യുന്ന ജീവനക്കാരന് പനി ബാധിച്ചതിനാല് ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം ഓഫീസിനു മുന്നില് വച്ച് പെന്ഷന് വിതരണം തുടങ്ങി. മഴ കാരണം സമീപത്തെ മുറിയിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത്പാര്ട്ടി ഓഫീസായിരുന്നില്ല. എങ്കിലും നടപടി ചട്ടവിരുദ്ധമെന്നു കണ്ടതിനെ തുടര്ന്നു പെന്ഷന് വിതരണ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ ആ ചുമതലയില് നിന്ന് നീക്കിയെന്നും മന്ത്രി വ്യക്തമാക്കി.
National
ഛത്രപതി സംഭാജിനഗർ: നാസിക് ടിസിഎസ് നിർബന്ധിത മതപരിവർത്തന, ലൈംഗിക പീഡന കേസ് പ്രതി നിദ ഖാന് ഒളിയിടമൊരുക്കിയ എഐഎംഐഎം നഗരസഭാംഗം മതിൻ പട്ടേലിന്റെ വീട്ടിലെ അനധികൃത നിർമാണം നഗരസഭാ അധികൃതർ പൊളിച്ചുനീക്കി.
മേയ് ഏഴിനാണ് നിദ ഖാൻ അറസ്റ്റിലായത്. മേയ് ഒന്പതിന് അനധികൃത നിർമാണം സംബന്ധിച്ച് പട്ടേലിന് ഛത്രപതി സംഭാജിനഗർ കോർപറേഷൻ നോട്ടീസ് അയച്ചു. 72 മണിക്കൂറിനകം മറുപടി നല്കണമെന്നായിരുന്നു നിർദേശം.
എന്നാൽ, പട്ടേൽ കോർപറേഷനു മറുപടി നല്കിയില്ല. തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്നലെ രാവിലെ നഗരസഭാ അധികൃതരെത്തി പട്ടേലിന്റെ വീട്ടിലെ അനധികൃത നിർമാണം പൊളിച്ചുനീക്കി.
Kerala
ആലപ്പുഴ: കണ്ടല്ലൂരിൽ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്നയാൾ അറസ്റ്റിൽ. കണ്ടല്ലൂർ തെക്കുമുറി പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാറിനെയാണ് (44) അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൂന്നര ലിറ്റർ മദ്യം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇയാൾ വീട്ടിലും പരിസരത്തുമായി അനധികൃത മദ്യവിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഇ മുഹമ്മദ് മുസ്തഫ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസര്മാരായ രാഹുൽ കൃഷ്ണൻ, ഇമ്മാനുവൽ, വനിതാ സിവിൽ എക്സൈസ് ഓഫിസര് വാണി സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ചന്പൽ നദിയിൽ നിന്ന് അനധികൃത മണൽ ഖനനം തടയാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരനെ ട്രാക്ടർ കയറ്റി കൊന്നു. ഹര്കേഷ് ഗുര്ജർ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
നിയമവിരുദ്ധമായി മണൽ കയറ്റിയ ട്രാക്ടർ ട്രോളി ഹൈവേയിലൂടെ വരുന്നത് കണ്ട ഹർകേഷ് തടയാനായി മുന്നോട് നീങ്ങി. എന്നാൽ വാഹനം നിർത്താതെ ഡ്രൈവർ ഹർകേഷിന്റെ നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു.
ഹർകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: എലത്തൂരിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടി. സംഭവത്തില് ബിനീഷ്, മനോജ് എന്നിവര്ക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു.
184 കിലോ സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റി.
സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. എലത്തൂര് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് ചാക്കില് കെട്ടിയ നിലയിലും അലക്ഷ്യമായി സൂക്ഷിച്ച നിലയിലും വെടിമരുന്നും ഓലപ്പടക്കങ്ങളും പിടിച്ചെടുത്തത്.
Kerala
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ പൂർണമായും നിയമവിരുദ്ധവും നിലവിലുള്ള മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ.
2012-13 കാലഘട്ടത്തിലെ നഴ്സിംഗ് സമരങ്ങൾക്കുശേഷമുള്ള ഹൈക്കോടതി വിധികളനുസരിച്ച് ആരോഗ്യമേഖലയിൽ സമരം ആരംഭിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകേണ്ടതുണ്ട്.
എന്നാൽ ഏഴു ദിവസം മുമ്പ് മാത്രം നോട്ടീസ് നൽകിയും ഒരു ദിവസത്തെ സൂചനാപണിമുടക്കിനെ അനിശ്ചിതകാല സമരമാക്കി മാറ്റിയുമുള്ള സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതു നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണ്.
കൃത്യമായ അറിയിപ്പോടുകൂടിയ നിയമപരമായ പണിമുടക്കുകൾ സ്വീകാര്യമാണ്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള സമരം തീർത്തും നിയമവിരുദ്ധമാണ്.
ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്നതിൽനിന്നു മാറി ഭീഷണികളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ തീവ്ര സ്വഭാവത്തിലുള്ള ഒന്നായി യുഎൻഎയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന സമരം മാറിയിരിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആരോപിച്ചു.
National
ഇംഫാൽ: മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ അനധികൃതമായി നിർമിച്ച ആറു ബങ്കറുകൾ സുരക്ഷാസേന തകർത്തു.
ലിറ്റാൻ പ്രദേശത്ത് സായുധസംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ഈ ബങ്കറുകൾ ഉപയോഗിച്ചിരുന്നെന്നും അന്ന് മൂന്നു പേർക്ക് പരിക്കേറ്റിരുന്നെന്നും പോലീസ് പറഞ്ഞു.
ലിറ്റാൻ, മോങ്കോട്ട് ചെപ്പു അപ്പർ ഗ്രാമപ്രദേശങ്ങളിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് അനധികൃതമായി നിർമിച്ച ബങ്കറുകൾ കണ്ടെത്തിയതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Leader Page
2019 ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയിലെ നിർമാണങ്ങൾ നിരോധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. അവർക്ക് ഇതിനുള്ള അവകാശം ചോദ്യം ചെയ്യപ്പെടാം. 2016 വരെ നിർമാണങ്ങൾക്ക് അനുമതി നൽകിയിരുന്നത് പൊതുഭരണ വകുപ്പാണ്. ഇതു തടയാൻ റവന്യു വകുപ്പിനു ആര് അധികാരം നല്കിയെന്നും സർക്കാർ പറയണം. 2019ൽ ഇടുക്കി ജില്ലയിലെ നിർമാണങ്ങൾ നിരോധിച്ചുള്ള റവന്യു ഉത്തരവ് ചോദ്യം ചെയ്തു ചില വ്യക്തികൾ കോടതിയെ സമീപിച്ചു. ആ കേസിൽ ഹൈകോടതി സർക്കാരിനോട് നാലുതവണ വിശദീകരണം ചോദിച്ചു. പ്രശ്നപരിഹാരത്തിനു ചട്ടത്തിൽ ഭേദഗതി വരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതു രണ്ടിനും സർക്കാർ തയാറായില്ല. 1964ലെ ചട്ടലംഘനം ഇടുക്കിയിൽ മാത്രമല്ലെന്നും കേരളത്തിൽ മുഴുവൻ ബാധകമാണെന്നും ഒടുവിൽ കോടതി വിധിച്ചു. നിർമാണനിരോധനം ഇടുക്കിയിൽ മാത്രമാക്കി ഇറക്കിയ സർക്കാർ ഉത്തരവു നിലനിർത്തണമെന്നാവശ്യപ്പെട്ട് ഇടുക്കിക്കാരുടെകൂടി നികുതിപ്പണം മുടക്കി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതിയുടെ വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു. അതിനാണ് ഇപ്പോൾ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത്.
വ്യവസ്ഥ പാലിച്ച കെട്ടിടങ്ങൾ ഇനിയും ക്രമവത്കരിക്കണം
2023ലെ ഭേദഗതി പ്രകാരം നിലവിലെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് ഫീസും നികുതിയും തൊഴിലാളി ക്ഷേമനിധിയും അടച്ച് നിർമിച്ച് വർഷങ്ങളായി റവന്യുവിലും തദ്ദേശ സ്ഥാപനങ്ങളിലും നികുതിയടച്ചുവരുന്ന കെട്ടിടങ്ങൾ നിയമവിരുദ്ധമാക്കിയ നടപടിയാണ് നിയമവിരുദ്ധം. നിയമപ്രകാരം കെട്ടിടം നിർമിച്ചവരെയെല്ലാം കുറ്റവാളികളാക്കുന്നതാണ് പുതിയ ഭേദഗതി നിയമം. നിർമിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ പുതിയ ചട്ടം അനുശാസിക്കുന്പോൾ ഇനിയും പുതിയ കെട്ടിടങ്ങൾ എങ്ങിനെ നിർമിക്കുമെന്ന് പറയുന്നുമില്ല. അതിനു പുതിയ ചട്ടഭേദഗതി കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അതും വെറും പറച്ചിലിൽ ഒടുങ്ങി. ഇനിയും ഒരു ചട്ടഭേദഗതിക്ക് ഇപ്പോഴത്തെ സർക്കാരിനു സമയമുണ്ടാകില്ല.
2019ലെ ഉത്തരവു പിൻവലിച്ചാൽ പരിഹാരമാകും
നിർമാണങ്ങൾ നിരോധിച്ച് 2019 ഓഗസ്റ്റ് 22നു റവന്യു വകുപ്പ് ഇറക്കിയ ഉത്തരവു പിൻവലിച്ചാൽ തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. 1964 ചട്ടത്തിൽ ഏഴാംവകുപ്പിൽ പതിച്ചു നൽകിയ ഭൂമി ഉപജീവനോപാധികൾക്കും ഉപയോഗിക്കാം എന്ന ഭേദഗതി വരുത്തിയാൽ നിർമാണങ്ങൾ സാധുവാകും. നിർമാണങ്ങൾക്ക് വലുപ്പവും സ്വഭാവും ഡിസൈനും ഒക്കെ കൽപ്പിക്കാൻ സർക്കാരിനു 1964ലെ ചട്ടം വേണ്ട.
വർഷങ്ങളായുള്ള അവഗണന
ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണവും കൈവശഭൂമിക്കു സ്ഥിരാവകാശം (പട്ടയം) നൽകുന്നതും നിരോധിച്ചിട്ടു വർഷങ്ങളായി. ഏറ്റവും ഒടുവിൽ 2019 ഓഗസ്റ്റ് 22ന് ഒരു റവന്യു ഉത്തരവിലൂടെയാണ് ജില്ലയിലെ നിർമാണങ്ങൾ നിരോധിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പട്ടയവിതരണവും തടസപ്പെടുത്തി. ഇവിടെയെല്ലാം ജനങ്ങൾ ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പങ്ക് വ്യക്തവുമല്ല. ആരാണ് കേരളം ഭരിക്കുന്നതെന്ന് ജനങ്ങൾ സംശയിച്ചുപോകുന്ന സ്ഥിതിഗതികളാണ് 2010 ജനുവരി 21 മുതൽ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്.
ജനങ്ങളോട് ഉത്തരവാദപ്പെട്ട സർക്കാർ (ജനപ്രതിനിധികൾ ഉൾപ്പെട്ട ഭരണ സംവിധാനം) വ്യക്തമായ ഉത്തരം പറയുന്നില്ല. കോടതിയിൽ പരിസ്ഥിതി സംഘടനകൾ എന്ന പേരിൽ ചിലർ നൽകുന്ന ഹർജികളും സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന സത്യവാങ്മൂലങ്ങളും സർക്കാർ അഭിഭാഷകന്റെ ഇംഗിതങ്ങളും മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. 1800കളിൽ തന്നെ ജനവാസവും കൃഷിയും ആരംഭിച്ച ഇന്നത്തെ കേരളത്തിന്റെ കിഴക്കൻ മലകളിൽ താമസിക്കുന്ന മനുഷ്യരെ അവഹേളിക്കുന്ന നയം ഒരു സർക്കാരിനും ഭൂഷണമല്ല. അടുത്തൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുട്ടിനിൽക്കുന്ന ഇപ്പോഴെങ്കിലും രാഷ്ട്രീയ പാർട്ടികൾ നയം വ്യക്തമാക്കണം, അല്ലെങ്കിൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാൻ മാത്രം അവകാശമുള്ളവരാണ് ജനങ്ങളെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കൊണ്ട് നയം വ്യക്തമാക്കിക്കണം. അതിന് ഇനിയെങ്കിലും മനസുകാണിച്ചില്ലെങ്കിൽ നാളെയും വിലാപം മാത്രമാകും ബാക്കി.
നിയമം പെട്ടെന്നുണ്ടായതു കുതന്ത്രം
മൂന്നാർ, ചെറുതോണി, വാഗമണ് പ്രദേശങ്ങളിലെ അനധികൃത നിർമാണവും സർക്കാർ ഭൂമി കൈയേറ്റവും തടയാൻ നടപടി സ്വീകരിക്കണമെന്ന പരിസ്ഥിതി സംഘടനയുടെ ഹർജിയിൽ ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ചാണ് അന്നുമുതൽ ഇന്നുവരെ ജില്ലയിലെ ലക്ഷക്കണക്കിനു കർഷകരെയും വ്യാപാരികളെയും വിദ്യാഭ്യാസ-ആരോഗ്യ-മത സ്ഥാപനങ്ങളെയും കള്ളന്മാരായി ചിത്രീകരിച്ച് തേജോവധം ചെയ്യുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
മൂന്നാർ മേഖലയിലെ ഭൂമി കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും തടയാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം ഉണ്ടായതോടെ ജനകീയ സർക്കാരിന്റെ ഒത്താശയോടെ റവന്യു ഉദ്യോഗസ്ഥർ ചാകരക്കൊയ്ത്ത് തുടങ്ങുകയായിരുന്നു. മൂന്നാറിലും പരിസര മേഖലയിലും ‘സാറന്മാർ’ ഒരു നിർമാണവും അനുവദിച്ചില്ല. കേരളത്തിൽ ഭൂപതിവു നിയമം ഉണ്ടായ 1958,1960 മുതലും ഭൂപതിവു ചട്ടം ഉണ്ടായ 1964 മുതലും 2016 വരെ നിയമവിരുദ്ധമല്ലാതിരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണം 2016ൽ നിയമവിരുദ്ധമാക്കിയത് മനഃപൂർവമാണ്. 2016ൽ നിയമവിരുദ്ധമാണെന്നു പറയുന്ന ഒരു നിയമത്തിന്റെ മുൻകാല പ്രാബല്യവും ദുരൂഹമാണ്. വിവാഹപ്രായം 18ഉം 21 ഉം ആയി ഉണ്ടാക്കിയ നിയമത്തിനു മുൻകാല പ്രാബല്യം നൽകിയാലുണ്ടാകുന്ന അതേ ദുരവസ്ഥയാണു ഭൂ വിഷയത്തിലും ഉണ്ടായിരിക്കുന്നത്.
നിർമാണനിരോധനം വന്നവഴി
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നാർ മേഖലയിൽ നിർമാണങ്ങൾ നടത്താൻ റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന് വകുപ്പ് ഉത്തരവിറക്കി. മൂന്നാറിൽനിന്ന് 26 കിലോമീറ്ററോളം അകലെയുള്ള ചിന്നക്കനാലിൽ മധു ജോണ് എന്ന വ്യക്തി വാണിജ്യ നിർമാണം നടത്തിയപ്പോൾ റവന്യു വകുപ്പിന്റെ എൻഒസി വാങ്ങിയില്ലെന്ന കാരണം കാട്ടി ചിന്നക്കനാൽ വില്ലേജ് ഓഫീസർ നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ നൽകി. ഇതു ചോദ്യംചെയ്ത് ഇദ്ദേഹം കോടതിയെ സമീപിച്ചു.
ഹർജി പരിഗണിച്ച കോടതി നിർമാണത്തിന് എൻഒസി നൽകാനും സ്റ്റോപ്പ് മെമ്മോ പിൻവലിക്കാനും നിർദേശം നൽകി. ഇതിനെ മറികടക്കാൻ മൂന്നാർ മേഖലയെന്നാൽ ദേവികുളം, ചിന്നക്കനാൽ, വെള്ളത്തൂവൽ, ആനവിരട്ടി, ആനവിലാസം, പള്ളിവാസൽ ഉൾപ്പെടെയുള്ള എട്ടു വില്ലേജുകളാണെന്ന് ജില്ലാ ഭരണാധികാരി വ്യാഖ്യാനമുണ്ടാക്കി. പരിസ്ഥിതി വിഷയങ്ങൾ പരിഗണിക്കുന്ന നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ മൂന്നാർ ബെഞ്ചിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ എല്ലാം മൂന്നാർ ആണെന്നായിരുന്നു റവന്യു വകുപ്പിന്റെ കണ്ടുപിടിത്തം. (എൻഒസി വേണമെന്നു റവന്യു വകുപ്പ് നിഷ്കർഷിച്ചിരുന്ന ആനവിലാസം വില്ലേജിനെ 2023ൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാറിൽനിന്ന് ഒഴിവാക്കി. ഇത്രയും ഗൗരവമേ ഈ ‘മൂന്നാറി’നുള്ളൂ).
കേസ് ജയിക്കാൻ പുതിയ കണ്ടുപിടിത്തം
കഥ അവിടെ അവസാനിച്ചില്ല, 2016ൽ പള്ളിവാസൽ വില്ലേജിൽ സമാന സംഭവമുണ്ടായി. പള്ളിവാസൽ വില്ലേജിൽ നടത്തിയ റിസോർട്ട് നിർമാണം റവന്യു വകുപ്പിന്റെ എൻഒസി വാങ്ങിയില്ലെന്ന കാരണം കാണിച്ച് റവന്യു വകുപ്പ് തടഞ്ഞു. മൂന്നാറിനേർപ്പെടുത്തിയ എൻഒസി നിബന്ധന പള്ളിവാസലിൽ ബാധകമല്ലെന്നുകാട്ടി രണ്ടു വ്യക്തികൾ കോടതിയെ സമീപിച്ചു. കേസിൽ വാദം പൂർത്തിയായി വരുന്പോൾ സർക്കാർ തോൽക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അതുവരെ ആരും കാണാതിരുന്ന 1964ലെ ഭൂപതിവു ചട്ടത്തിലെ വ്യവസ്ഥ പുതിയ രൂപത്തിൽ സർക്കാർ അഭിഭാഷകൻ കോടതിയിൽ ഉയർത്തിക്കൊണ്ടുവന്നത്.
കേസ് ജയിക്കാനുള്ള അഭിഭാഷകബുദ്ധി ഫലം കണ്ടു. 1964ലെ ചട്ടമനുസരിച്ചു ഭൂമി പതിച്ചുനൽകിയത് വ്യക്തിഗത കൃഷിക്കും വാസഗൃഹത്തിനും മാത്രമാണെന്ന് അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. എന്നാൽ, ഭൂമി പതിച്ചുനല്കിയത് കൃഷിക്കും വാസഗൃഹങ്ങൾക്കും മാത്രമാണെന്ന് ചട്ടത്തിലും നിയമത്തിലും പറഞ്ഞിട്ടില്ല. ‘മാത്രം’ എന്ന അസ്ത്രം സർക്കാർ അഭിഭാഷകൻ കൈയിൽനിന്ന് എടുത്തിട്ടതാണ്.
ചട്ടത്തിൽ പറയുന്നത് ഭൂമി പതിച്ചു നൽകുന്നത് പേഴ്സണൽ കൾട്ടിവേഷൻ, ഹൗസ് സൈറ്റ് ആൻഡ് ബനഫിഷൽ എൻജോയിൻമെന്റ് എന്നിവയ്ക്കാണ് എന്നാണ്. ബനഫിഷൽ എൻജോയിൻമെന്റ് എന്നാൽ പതിച്ചു നൽകിയിരിക്കുന്ന ഭൂമിയിലേക്കുള്ള അപ്രോച്ച് റോഡ്, വാട്ടർ കോഴ്സ് ആൻഡ് ബിൽഡിംഗ്സ് എന്നാണ് ചട്ടത്തിൽ വിശദീകരിച്ചിരിക്കുന്നത്. വീടിനും കൃഷിക്കും മാത്രം എന്നു നിയമത്തിലും ചട്ടത്തിലും പറഞ്ഞിട്ടില്ല. വാണിജ്യാവശ്യത്തിനു നിർമാണം നടത്താമെന്നും പാടില്ലെന്നും പറഞ്ഞിട്ടില്ല.
ജനങ്ങൾക്കു കൃഷിചെയ്യാൻ ഭൂമി അനുവദിക്കുന്പോൾ സ്വാഭാവികമായ ജനജീവിതവും അവിടെ സാധ്യമാകണം. വിളവു സൂക്ഷിക്കാൻ ഇടം വേണം, വിൽപ്പന നടത്താൻ സംവിധാനം വേണം. കൃഷിക്കാർക്ക് രോഗം വന്നാൽ ചികിത്സിക്കാൻ ആശുപത്രി വേണം. മക്കൾക്ക് പഠിക്കാൻ സ്കൂൾ വേണം. പണി ആയുധങ്ങൾ ഉണ്ടാക്കാനും നന്നാക്കാനും കൊല്ലനും ആലയും വേണം. വസ്ത്രം ധരിക്കാൻ കൃഷിക്കാർക്കും അവകാശമുണ്ട്. ആരാധനാലയങ്ങൾ വേണം. ഇതൊക്കെയേ ഈ നാട്ടിൽ ചെയ്തിട്ടുള്ളൂ. ഇന്നാകട്ടെ ഇതെല്ലാം വിലക്കപ്പെട്ട പ്രവൃത്തികളാണ്.
(തുടരും)
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽനിന്നു തടഞ്ഞത് പാർലമെന്ററി നടപടിക്രമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്നു രാജ്യസഭ മുൻ ഉപാധ്യക്ഷനും പ്രമുഖ പാർലമെന്റേറിയനുമായ പ്രഫ. പി.ജെ. കുര്യൻ.
പാർലമെന്റിൽ എംപിമാർ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം ഭരണഘടനാവിരുദ്ധവും നിയമനിർമാണ സഭയുടെ അധികാരങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റവുമാണെന്നും എട്ടു തവണ പാർലമെന്റംഗമായിരുന്ന കുര്യൻ വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചുതുടങ്ങിയപ്പോൾ ഉദ്ധരിക്കാൻ ഒരുങ്ങിയത് നിയമപ്രകാരം പബ്ലിഷ് ചെയ്ത ഒരു പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽനിന്നാണ്. പൊതുസഞ്ചയത്തിലുള്ള (പബ്ലിക് ഡൊമെയ്ൻ) ലേഖനത്തിൽനിന്നുള്ള ഭാഗം പ്രസംഗിക്കുന്നതു തടയാൻ നിയമവും ചട്ടങ്ങളുമില്ല.
പ്രസിദ്ധീകരിക്കാത്ത ബുക്കിന്റെ കാര്യം പറഞ്ഞു പൊതുമധ്യത്തിലുള്ള ഉദ്ധരണി (ക്വോട്ട്) തടയാനും വകുപ്പില്ല. പൊതുസഞ്ചയത്തിലുള്ളത് ഉന്നയിക്കുന്നതിൽനിന്നു പ്രതിപക്ഷനേതാവിനെ തടയാൻ കഴിയുന്ന നിയമമോ കീഴ്വഴക്കമോ രീതിയോ ലോക്സഭയിലില്ല.- പ്രഫ. കുര്യൻ തുറന്നടിച്ചു.
സ്പീക്കർ നീതിമാനാകണം
ഉദ്ധരണിയുടെ സത്യസന്ധതയെക്കുറിച്ച് സ്പീക്കർക്കു സംശയമുണ്ടായിരുന്നെങ്കിൽ അത് ആധികാരികമാക്കാൻ (ഒഥന്റിക്കേറ്റ്) ചെയ്യാൻ ആവശ്യപ്പെടാം. സ്പീക്കർ അതു ചെയ്തില്ല. ഉദ്ധരിച്ചതിൽ സത്യസന്ധമല്ലാത്തതോ അപമാനകരമായതോ എന്തെങ്കിലും ഉണ്ടെങ്കിൽ സ്പീക്കർക്ക് അതു നീക്കംചെയ്യാം. അംഗത്തിനെതിരേ നടപടിയെടുക്കുകയും ചെയ്യാം. പ്രതിപക്ഷനേതാവ് പറഞ്ഞശേഷമുള്ള നിയമാനുസൃതമായ മാർഗം അതായിരുന്നു. അതിനു പകരം സ്പീക്കർ ചെയ്തതു പ്രതിപക്ഷനേതാവിനെ തടയുകയാണ്.
“വീണ്ടും ലോക്സഭാ സ്തംഭനത്തെക്കുറിച്ച്”എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമത്തിൽ ഇതേക്കുറിച്ചെഴുതിയ രണ്ടാമത്തെ കുറിപ്പിൽ കുര്യൻ ചൂണ്ടിക്കാട്ടി.
“മുൻകൂർ നോട്ടീസ് കൊടുത്തിട്ടായാലും കൊടുക്കാതെയായാലും പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽ നിന്നു തടയുന്നത് പാർലമെന്ററി കീഴ്വഴക്കങ്ങൾക്കും (കണ്വെൻഷൻസ്) നടപടിക്രമങ്ങൾക്കും വിരുദ്ധമാണ്.
എന്റെ ദീർഘകാല പാർലമെന്ററി ചരിത്രത്തിൽ ഒരിക്കൽപോലും അങ്ങനെയൊരു സംഭവം അറിയില്ല. സഭാനേതാവോ പ്രതിപക്ഷനേതാവോ എപ്പോൾ എഴുന്നേറ്റാലും അവർക്ക് അവസരം നൽകുകയാണ് ഇതുവരെയുള്ള കീഴ്വഴക്കം. സ്പീക്കർസ്ഥാനം ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനാപദവിയാണ്. അദ്ദേഹം നീതിമാനായാൽ മാത്രം പോരാ, മറിച്ച് അങ്ങനെയാണെന്നു തോന്നിപ്പിക്കുകയും വേണം. രണ്ടു രീതിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്” - രാജ്യസഭയുടെ മുൻ ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി.
രാഹുൽഗാന്ധി ഉദ്ധരിക്കാൻ ആസ്പദമാക്കിയ വിഷയം അതീവ ഗൗരവമുള്ളതാണെന്നതാണു മറ്റൊരു കാര്യമെന്ന് പ്രഫ. കുര്യൻ ഓർമിപ്പിച്ചു. ചൈനീസ് പട്ടാളം നമ്മുടെ അതിർത്തിയിലേക്ക് കയറുന്പോഴുണ്ടായ കേന്ദ്രസർക്കാരിന്റെ നിസംഗതയാണു വിഷയം. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ചൈനീസ് ആക്രമണസാധ്യതയുള്ള സാഹചര്യത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചുമാണിത്. രണ്ടര മണിക്കൂറിനുശേഷം തീരുമാനമെടുക്കുവാനുള്ള അധികാരം പട്ടാളത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
ഗൗരവതരമായ ഈ വീഴ്ച പാർലമെന്റിലല്ലാതെ എവിടെയാണു ചർച്ച ചെയ്യേണ്ടത്? സൈനികമേധാവിയുടെ ആരോപണം തെറ്റാണെങ്കിൽ സർക്കാരിനതു നിഷേധിക്കുകയും വിശദീകരിക്കുകയും ചെയ്യാം. അത്തരമൊരു ചർച്ച നിഷേധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇത്ര വലിയ വീഴ്ച പാർലമെന്റും ജനങ്ങളും അറിയേണ്ടതല്ലേയെന്നും മുതിർന്ന കോണ്ഗ്രസ് നേതാവായ കുര്യൻ ചോദിച്ചു.
ലെജിസ്ലേച്ചറിനുമേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റം
ചില വിഷയങ്ങളെക്കുറിച്ചുള്ള എംപിമാരുടെ ചോദ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ മറുപടി പറയുകയോ വേണ്ടെന്ന് ലോക്സഭാ സെക്രട്ടറിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിനെയും കുര്യൻ നിശിതമായി വിമർശിച്ചു. ഭരണഘടനപ്രകാരം അങ്ങനെയൊരു നിർദേശം നൽകാൻ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ അധികാരമില്ല. ചോദ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് ലോക്സഭാ സെക്രട്ടേറിയറ്റാണ്. സർക്കാരിന് അതിൽ യാതൊരു അധികാരവുമില്ല. ലെജിസ്ലേച്ചറിന്റെ മേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണു നടന്നത്. ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമാണിതെന്നും പ്രഫ. കുര്യൻ കുറ്റപ്പെടുത്തി.
Kerala
കോഴിക്കോട്: മാവൂരിൽ അനധികൃതമായി പുഴമണൽ കടത്തിയ ലോറി പിടികൂടി. പന്നിക്കോട് സ്വദേശി ജിയാദിന്റെ ഉടമസ്ഥതയിലുള്ള മണൽ കയറ്റിയ ടിപ്പർ ലോറിയാണ് പിടികൂടിയത്.
മാവൂരിൽ വച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില് ഉണ്ടായിരുന്ന മാവൂർ പോലീസ് ലോറി പിടികൂടുകയായിരുന്നു. പുഴയിൽ നിന്ന് അനധികൃതമായി മണൽ എടുക്കുന്നതായി മാവൂര് ഇന്സ്പെക്ടര്ക്ക് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് ലോറി പിടികൂടിയത്.
മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ദിനേഷ്, സിപിഒ വിനീത്, ഹോം ഗാര്ഡ് വേലായുധൻ എന്നിവർ ചേർന്ന സംഘമാണ് ലോറി കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ലോറിയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
International
വാഷിംഗ്ടണ് ഡിസി: താരിഫ് വിഷയത്തില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന് തിരിച്ചടി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള് നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല് കോടതി വിലയിരുത്തി.
താരിഫ് ചുമത്താന് പ്രസിഡന്റിനു നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീല് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല് അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല് കോടതി ശരിവയ്ക്കുകയായിരുന്നു. അപ്പീല് നല്കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര് പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.